തൊടുപുഴ: വിലയിടിവില്‍ തളര്‍ന്ന കര്‍ഷകര്‍ക്ക് പുതുപ്രതീക്ഷയായി റംബുട്ടാന് ഡ്രൈഫ്രൂട്സ് വിപണിയിലേക്ക്. കശുവണ്ടി, നിലക്കടല, ബദാം, അത്തിപ്പഴം, പപ്പായ, മുന്തിരി, വാഴപ്പഴം, ചക്കപ്പഴം തുടങ്ങിയ ഡ്രൈഫ്രൂട്സ് വിപണിയില്‍ സുലഭമാണെങ്കിലും റംബുട്ടാന് ആദ്യമായാണ് വിപണിയിലേക്കു കടന്നുവരുന്നത്.
തൊടുപുഴ അഗ്രികള്‍ച്ചറല്‍ ഡവലപ്മെന്റ് സൊസൈറ്റിയാണ് (കാഡ്സ്) വിലയിടിവ് മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് മികച്ചവരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കലിന്റെ ദീര്‍ഘവീക്ഷണത്തിലാണ് റംബുട്ടാന് ഡ്രൈഫ്രൂട്സാക്കി മാറ്റാനുള്ള സംരംഭത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ കാഡ്സിലെ ഡിഹൈഡ്രേറ്റഡ് ഡ്രയറിലാണ് മറ്റ് ഡ്രൈഫ്രൂട്സിനെക്കാള് സ്വാദിഷ്ടവും ഗുണമേന്മയില് മുന്‍പന്തിയില്‍ നില്ക്കുന്നതുമായ ഇവ വികസിപ്പിച്ചെടുത്തത്.
റംബുട്ടാന്റെ മൂല്യവര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് നിശ്ചിതവില ലഭ്യമാക്കാനും മാസങ്ങളോളം ഇവ സൂക്ഷിച്ചുവയ്ക്കാനും കഴിയുമെന്നതും നേട്ടമാണ്. പ്രാദേശിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ പരസ്യം നല്‍കിയതോടെ നിരവധിപ്പേരാണ് ഇതിന്റെ സാധ്യത ആരായുന്നത്.
എട്ടു കിലോ പഴുത്തുപാകമായ റംബുട്ടാന് ഉണങ്ങുമ്പോള്‍ ഒരു കിലോ ഡ്രൈഫ്രൂട്ടാണ് ലഭിക്കുന്നത്. ഉണങ്ങിക്കഴിയുമ്പോള്‍ ഫ്രൂട്ടിനുള്ളിലെ കായയും ഭക്ഷിക്കാനാകും. ഡി ഹൈഡ്രേറ്റഡ് ഡ്രയര്‍ ആയതിനാല്‍ രുചിയിലോ നിറത്തിലോ മാറ്റം വരുന്നുമില്ല. വൈറ്റമിന്‍ സിയുടെ കലവറയാണിത്. ഇതിനു പുറമെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും നാരുകള്‍ അടങ്ങിയതിനാല്‍ ദഹനത്തിനും ഇത് ഏറെ ഉത്തമമാണ്.
ഒരുവര്‍ഷം മുമ്പുവരെ വിളവെടുപ്പിന് പാകമായ റംബുട്ടാന് കിലോയ്ക്ക് 125 മുതല്‍ 150 വരെ കര്‍ഷകര്‍ക്ക് വില ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണിലും ഇപ്രാവശ്യവും 80-100 രൂപ എന്ന നിലയിലേക്ക് വിലയിടിഞ്ഞതും കച്ചവടക്കാര്‍ വാങ്ങാന്‍ എത്താതിരുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി മാറി.
ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് വിപുലമായ രീതിയില്‍ റംബുട്ടാന് കൃഷിചെയ്തിരുന്ന കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള സാധ്യതയാണ് ഇതിലൂടെ തെളിയുന്നത്. കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയില്‍ ഡ്രയറുകള്‍ ലഭ്യമാക്കാനുള്ള ശ്രമവും കാഡ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഓഗസ്റ്റ് 20നു ഡ്രൈഫ്രൂട്ട് വിപണയില്‍ എത്തിക്കുന്നതിന്റെ ഉദ്ഘാടനം തൊടുപുഴയില്‍ നടക്കുമെന്ന് കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കല്‍ പറഞ്ഞു.